
ഇന്നലെ ഇവിടെ നല്ല മഴയായിരുന്നു.
ആനി കത്ത് തുടങ്ങിയത് അങ്ങനെയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനുശേഷം പെയ്യുന്ന മഴ. മരുമരങ്ങൾ മിക്കവാറും ഉണങ്ങിക്കഴിഞ്ഞിരുന്നു. ഞാൻ രണ്ടുമൂന്നു തവണ മകൻ കിടക്കുന്ന മുറിയിൽ ചെന്നുനോക്കി. എട്ടുവയസ്സുകാരൻ ജനലിനടുത്ത് നിൽക്കുകയായിരുന്നു അപ്പോളെല്ലാം. അവനെ വിചാരങ്ങൾ ബാധിക്കുന്നത് ഏതെല്ലാം ഏതെല്ലാം വിധത്തി ലാണെന്ന് അറിയാവുന്നതിനാൽ ഞാനവനെ ശല്യപ്പെടുത്തിയില്ല. അവൻ മഴ കാണുകയല്ലെന്ന് ഏതായാലും എനിക്കറിയാം. ഒന്നു രണ്ടു മണിക്കൂർ മാത്രമേ മഴ പെയ്തുള്ളൂ. ആ നേരമത്രയും അവനും ഞാനും ഒരേ കാര്യമായിരിക്കാം ആലോചിച്ചിട്ടുണ്ടാ വുക. ജയിലിൽ കഴിയുന്ന അവന്റെ അച്ഛനെക്കുറിച്ച്.. ജയിലിലെ മുറിയിലിരുന്നാൽ മഴ കാണാൻ കഴിയില്ലായിരിക്കാം. മഴയുടെ ശബ്ദം ശബ്ദം പോലും കേൾക്കാൻ സാധിക്കില്ലായിരിക്കാം.
എത്ര വർഷമായി..
ആനി കത്തിൽ കുറേ കുത്തുകൾ അവശേഷിപ്പിച്ച് നിർത്തി. ആനി ആ കത്തെഴുതിയത് ദിവസങ്ങൾക്ക് മുമ്പാണ്. അതിവിടെ ലഭിക്കാൻ ഒരാഴ്ചയോളം സമയമെടുത്തിട്ടുണ്ടാവും. അത്രയും ദിവസങ്ങൾ ക്കിടയിൽ പിന്നെയും അവിടെ മഴ പെയ്തിട്ടു
ണ്ടാവുമോ..
ആനി ഒരുവരി കൂടി എഴുതിയിരുന്നു.
രാവിലെ മകൻ ഒന്നും കഴിക്കാതെയാണ് സ്കൂളിലേക്ക് പോയത്. ജോലിസ്ഥലത്തേക്ക് ഞാനും..
കത്ത് വായിച്ച് കുറേനേരം അയാൾ ആലോചിച്ചിരുന്നു. പിന്നെ കുട നിവർത്തി തലേ മഴയുടെ അവശിഷ്ടങ്ങൾ പെയ്യുന്ന അന്തരീക്ഷത്തിലൂടെ ബസ് സ്റ്റോപ്പിലേക്ക്
നടന്നു.
സുസ്മേഷ് ചന്ത്രോത്ത്